Saturday, February 19, 2011

ഒരു എല്‍ പി എസ്‌ വീരഗാഥ

ബാല്യകാലസ്മൃതികളില്‍ തികട്ടിവരുമ്പോള്‍ അതില്‍ ഒരു മണ്‍കയ്യാല. അങ്ങുമിഞ്ഞും ചെറു തുളകള്‍ ... അപ്പുറം ചലിക്കുന്ന ലോകത്തിണ്റ്റെ കൊച്ചു കൊച്ചു വട്ടക്കഷണങ്ങള്‍ ... ഒപ്പം നിരന്നു നിന്നു നിക്കറിണ്റ്റെ ഒരു കാലിന്നിടയിലൂടെ വലിച്ചെടുത്ത കുഞ്ഞു പഞ്ചാരകള്‍ (ചൂച്ചൂ എന്നും പറയാം) തോക്കുപോലെ നീട്ടിപ്പിടിച്ച്‌ ആ ഭാഗം മുന്നിലേക്ക്‌ തള്ളിപ്പിടിച്ച്‌ നിരന്നു നില്‍ക്കുന്ന ഇത്തിരിക്കുഞ്ഞന്‍മാര്‍ ... സജു, രവി, മുരളി, ഗോപന്‍, വേണു, നാണു ... ഒപ്പം ഒരു ബഞ്ചില്‍ ഇരുന്നവര്‍. അതിലൊരാള്‍ ഞാന്‍ ... സപ്തസ്വരങ്ങള്‍ ... ചാരെ വെങ്ങാനൂറ്‍ മുടിപ്പുരനട എല്‍ പി എസ്‌.

ഇടയ്ക്കൊക്കെ ഉള്ള ബെല്ലിന്‌ മൂത്രബെല്‍ എന്നായിരുന്നു ഞങ്ങളിട്ട പേര്‌. മൂത്രമൊഴിക്കല്‍ ഒരു കലയാണെന്ന്‌ ലോകത്തിലാദ്യമായി കണ്ടുപിടിച്ചത്‌ ഞങ്ങളാണ്‌. അതുകൊണ്ടുതന്നെ മൂത്രം വെറുതെ ഒഴിച്ചുകളയാന്‍ ഞങ്ങള്‍ തയ്യാറായിരുന്നില്ല. പലതരത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു. പക്ഷെ ഞങ്ങള്‍ ഏഴുപേരൊഴികെ മറ്റാരും ഇതില്‍ പങ്കെടുക്കാന്‍ തയ്യറായില്ല. നാണം എന്നൊന്നില്ലാത്തതുകൊണ്ട്‌ ഞങ്ങള്‍ തന്നെ അതങ്ങു നടത്തി. മത്സരങ്ങിളിലെ ഒന്നാമത്തെ ഇനം ലോങ്ങ്‌ ജമ്പാണ്‌. കയ്യാലപ്പുറത്തു കയറി നിന്നിട്ട്‌ ഏറ്റവും അകലേക്ക്‌ മൂത്രമൊഴിക്കുന്ന വീരന്‌ ഒന്നാം സമ്മാനം. നിബന്ധനകള്‍: മത്സരസമയത്ത്‌ ഒരു ശബ്ദവും പുറപ്പെടുവിക്കാന്‍ പാടില്ല. ചന്തി മുന്നോട്ടായാനും പാടില്ല. രണ്ടാമത്തേത്‌ ഹൈജമ്പ്‌ ... തോക്ക്‌ ആകാശത്തേക്ക്‌ പിടിച്ച്‌ ഏറ്റവും ഉയരത്തില്‍ മൂത്രമൊഴിക്കുന്നവന്‍ ഫസ്റ്റ്‌. നിബന്ധനകള്‍: മത്സരസമയത്ത്‌ ഒരു ശബ്ദവും പുറപ്പെടുവിക്കാന്‍ പാടില്ല. ചന്തി മുന്നോട്ടായാനും പാടില്ല. മൂന്നാമത്തെ ഇനം ചിത്രരചന ... തറയിലോ കയ്യാലപ്പുറത്തോ മൂത്രമൊഴിച്ച്‌ ചിത്രം വരക്കണം. മികച്ച ചിത്രത്തിന്‌ സമ്മാനം. നിബന്ധനകള്‍: മത്സരസമയത്ത്‌ ഒരു ശബ്ദവും പുറപ്പെടുവിക്കാന്‍ പാടില്ല. ചന്തി ഏത്‌ ദിശയില്‍ വേണമെങ്കിലും ചലിപ്പിക്കാം. കാലുകള്‍ സ്ഥാനം മാറാന്‍ പാടില്ല. നാലാമത്തെ ഇനം തുളക്കല്‍മത്സരം ... മൂത്രത്തിണ്റ്റെ ശക്തികൊണ്ട്‌ കയ്യാല തുളക്കണം ... ആദ്യം തുളച്ച്‌ തുളയിലൂടെ അപ്പുറത്ത്‌ മൂത്രമൊഴിക്കുന്നയാള്‍ വിജയി. നിബന്ധനകള്‍: മത്സരസമയത്ത്‌ ഒരു ശബ്ദവും പുറപ്പെടുവിക്കാന്‍ പാടില്ല. തുരക്കുമ്പോള്‍ കയ്യാലയില്‍ നിന്നും ഒരടി അകലമെങ്കിലും വിട്ടുനില്‍ക്കണം. സ്ഥാനം മാറ്റി തുളക്കാന്‍ പാടില്ല. പ്രത്യേക നിബന്ധനകള്‍: മത്സരത്തിന്നിടയില്‍ ഏതെങ്കിലും മത്സരാര്‍ഥിയുടെ ചൂച്ചൂവിനെ നോക്കാനോ കൊഞ്ഞനം കുത്താനോ മറ്റേതെങ്കിലും തരത്തില്‍ ശല്യപ്പെടുത്താനോ പാടില്ല. ആയതു ചെയ്താല്‍ കളിയില്‍നിന്നും പുറത്താക്കിയിരിക്കും.

വാശിയേറിയ മത്സരം. ചിത്രരചനയൊഴിച്ച്‌ മറ്റെല്ലാറ്റിലും എനിക്കായിരുന്നു ഫസ്റ്റ്‌. ചിത്രരചനയില്‍ നാണുവായിരുന്നു കേമന്‍. ഇടക്കിടെ മൂത്രം പിടിച്ചു നിര്‍ത്താനുള്ള കഴിവുണ്ടായിരുന്നതിനാല്‍ വരകള്‍ തമ്മില്‍ കെട്ടിമറിയാതെയും കുത്തുകളിട്ടും അവന്‍ നല്ല നല്ല ചിത്രങ്ങള്‍ വരക്കുമായിരുന്നു. മത്സരങ്ങള്‍ ഒരാഴ്ച നീണ്ടുനിന്നു. ഒളിച്ചും പതുങ്ങിയും പലരും ഈ മത്സരങ്ങള്‍ കാണുന്നുണ്ടെന്ന്‌ രണ്ടാംനാള്‍ ഞങ്ങള്‍ മനസ്സിലാക്കി. അതോടെ വാശിയേറി. സമ്മാനത്തേക്കാള്‍ പ്രകടനത്തിലായിരുന്നു മനസ്സു മുഴുവന്‍. ശക്തിയോടെ മൂത്രം ചീറ്റുമ്പോള്‍ തുളയുന്ന മണ്‍കയ്യാലയില്‍ നിന്നും ഒരു യാന്ത്രിക സബ്ദം ഉയരും. ഒപ്പം പതഞ്ഞു മണ്ണും കലക്കി ഒലിച്ചിറങ്ങുന്ന മൂത്രച്ചാല്‍ മഴക്കാലത്ത്‌ കുത്തിയൊലിക്കുന്ന ഒരു നദി പോലെ മനസ്സില്‍ നിറയും. എന്തൊരാഹ്ളാദമായിരുന്നു!.

എല്ലാം കഴിഞ്ഞ്‌ വിജയഭേരിയോടെ നില്‍ക്കുമ്പോഴായിരുന്നു ഹെഡ്മിസ്റ്റ്രസ്സിണ്റ്റെ വിളി. പരാതികള്‍ ഒരുകെട്ടുണ്ടായിരുന്നു അവരുടെ മുന്നില്‍. ക്ളാസ്സില്‍ ശ്രദ്ധയില്ല എന്നതുമുതല്‍ ശ്രീലതയെ സമ്മനദാനത്തിനു വിളിച്ചതുവരെ. ഏറ്റവും വലിയ പരാതി മതിലിന്നപ്പുറത്തെ വീട്ടുകാരണ്റ്റേതായിരുന്നു. കയ്യാലയില്‍ സുഷിരങ്ങള്‍ കണ്ടതുമുതല്‍ മറ്റു പല പയ്യന്‍മാര്‍ക്കും അതിലൂടെ മൂത്രമൊഴിക്കുന്നത്‌ ഒരു ഹരമായി മാറി. ഹെഡ്മിസ്റ്റ്രസ്സ്‌ ജനാലയിലൂടെ പുറത്തേക്ക്‌ വിരല്‍ ചൂണ്ടി ... അവിടെ ഇടിഞ്ഞുവീണ കയ്യാലയുടെ അരികെ മൂക്കുംപൊത്തി പല്ലിറുമ്പി കണ്ണും ചുവപ്പിച്ചു അയാള്‍ നിന്നിരുന്നു. അരികില്‍ മകള്‍ ശ്രീലതയും! .

No comments:

Post a Comment